കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ചികിത്‌സയ്ക്കിടെ മരണമടഞ്ഞു.നഗരത്തിലെ കുപ്രസിദ്ധമായ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും തലയ്ക്കടിയേറ്റ നിലയില്‍ ബോധരഹിതനായി കണ്ടെത്തിയ പ്രാദേശിക ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജിദാമോദരന്‍(52) ചികിത്‌സയ്ക്കിടെ മരണമടഞ്ഞു. കഴിഞ്ഞ മെയ് 17-ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പാപ്പിനിശേരി കരിക്കന്‍കുളം സ്വദേശി ഷാജിദാമോദരനെ(40) അതീവഗുരുതരമായനിലയില്‍ മാരകായുധം കൊണ്ടു തലയ്ക്കടിയേറ്റു ബോധരഹിതനായ നിലയില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയത്.ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷാജിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പഴയ ബസ് സ്റ്റാന്‍ഡില്‍ അതീവഗുരുതരമായ നിലയില്‍ ഷാജിയെ കണ്ടെത്തിയ സംഭവം വാഹനാപകടമാണെന്നാണ് പൊലിസിന് ആദ്യം കണ്ടെത്തിയത്. സംഭവദിവസം രാത്രി പത്തുമണിയോടെ പാപ്പിനിശേരിയില്‍ റോഡരികില്‍ നിന്ന ഷാജിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയും ഗുരുതരമായ അവസ്ഥയില്‍ അതേ കാറില്‍ തന്നെ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവരികയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഷാജിയെ കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു കാര്‍ യാത്രക്കാര്‍ കടന്നുകളഞ്ഞുവെന്ന് സൃഹൃത്ത് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.