കൊല്ലം : ലോറിക്കു പിന്നില്‍ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടില്‍ ക്ലിന്‍സ് അലക്സാണ്ടര്‍ (27) ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ദേശീയ പാതയില്‍ കാവനാട്പൂവന്‍പുഴയില്‍ ആണ് അപകടം നടന്നത്. വര്‍ക്ക്ഷോപ്പ് തൊഴിലാളിയിരുന്നു. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ നാല് പേരും ചവറ തെക്കുഭാഗം സ്വദേശികളാണ്. കൊല്ലത്ത് നടക്കുന്ന എക്സ്ബിഷനുമായി ബന്ധപ്പെട്ട് ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം നടന്നത്.തിരുവനന്തപുരത്ത് നിന്നും അരി കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകട സമയം ചെറിയ ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.