മണ്ണാര്‍ക്കാട്: നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗൃഹോപകരണ വില്‍പനശാലയില്‍ വൻഅഗ്നിബാധ. ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.മണ്ണാര്‍ക്കാട് നഗരത്തിലെ പ്രമുഖ ഹോം അപ്ലയൻസ് സ്ഥാപനമായ മുല്ലാസ് ഹോം അപ്ലയൻസിലാണ് സംഭവം. നൂറിലധികം റഫ്രിജറേറ്ററുകളും എ.സി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെ കെട്ടിടത്തിന്റെ ഒരുഭാഗവും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ 7.50നാണ് കടയില്‍ തീ ആളിപടരുന്നതായി നാട്ടുകാര്‍ കണ്ടത്. നഗരം തിരക്കിലേക്ക് പ്രവേശിക്കുന്നതിനിടെ അറിഞ്ഞ ഉടൻ പരിസരത്തുള്ളവര്‍ തൊട്ടടുത്ത മണ്ണാര്‍ക്കാട്ടെ വട്ടമ്പലത്തെ അഗ്നി രക്ഷാനിലയത്തില്‍ അറിയിച്ചു. സ്ഥാപനത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലും ഷട്ടറിനോട് ചേര്‍ന്ന് പുറത്തും സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് കത്തി ചാമ്പലായത്. ഫ്രിഡ്ജ്, എ.സി, വാഷിങ് മെഷീൻ, ഫാൻ, മിക്സി, ഗ്രൈൻഡര്‍, തുടങ്ങിയ ഗൃഹോപകരണങ്ങളാണ് കത്തിയതില്‍ ഏറെയുമെന്ന് അഗ്നി രക്ഷാ സേന പറഞ്ഞു. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ മുകളിലെ നിലകളിലേക്ക് തീ പടരാതിരിക്കാൻ കഴിഞ്ഞു. തീയും പുകയും നിറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ഉടൻതന്നെ സേനാംഗങ്ങള്‍ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ബില്‍ഡിങ്ങിന്റെ അകത്ത് പ്രവേശിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. 4500 ലിറ്ററോളം വെള്ളമാണ് സേന തീ അണക്കാൻ മാത്രം ഉപയോഗിച്ചത്. ഏകദേശം രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായതായി മുല്ലാസ് ഹോം അപ്ലയന്‍സ് മാനേജര്‍ കലേഷ് പറഞ്ഞു.
നാട്ടുകാരനായ വിഷ്ണു എന്നയാളാണ് ഫയര്‍ഫോഴ്‌സിനെ ആദ്യം വിവരം അറിയിച്ചത്.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്നാണ് നിഗമനം.