അജ്മാന്‍: അജ്മാനിലെ പ്രമുഖ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഗോള്‍ഡ് സൂക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍നിന്നാണ് 11 ലക്ഷം ദിര്‍ഹത്തിലേറെ വിലമതിക്കുന്ന സ്വര്‍ണവും നാല്‍പതിനായിരം ദിര്‍ഹവും മോഷ്ടാക്കള്‍ കവര്‍ന്നത്.വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് സംശയിക്കുന്നു. മോഷണം നടന്ന വിവരം അറിഞ്ഞയുടനെ അജ്മാൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ മൂന്ന് പ്രതികളെ അജ്മാന്‍ പൊലീസ് പിടികൂടുകയും ചെയ്തു. അറബ് വംശജരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സെൻട്രല്‍ ഓപറേഷൻസ് റൂമുമായി ബന്ധിപ്പിച്ച ജ്വല്ലറിയിലെ അലാറം പ്രവര്‍ത്തനരഹിതമായത് മോഷണത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതായി ഷോപ്പില്‍ പരിശോധന നടത്തിയ പൊലീസ് വ്യക്തമാക്കി.
പൊലീസിന്‍റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ ദ്രുതഗതിയിലുള്ളനീക്കത്തിനൊടുവില്‍ ഒന്നാം പ്രതിയെ ഷാര്‍ജയില്‍ നിന്നും രണ്ടാം പ്രതിയെ അജ്മാനിലെ റുമൈല പ്രദേശത്ത് നിന്നും മൂന്നാം പ്രതിയെ അജ്മാനിലെതന്നെ വ്യവസായിക മേഖലയില്‍നിന്നുമാണ് പിടികൂടിയത്. പലതവണ വസ്ത്രം മാറ്റിയും മുഖംമൂടി ധരിച്ചും പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണക്കുറ്റം സമ്മതിച്ച പ്രതികള്‍ മോഷണ മുതല്‍ തങ്ങള്‍ക്കിടയില്‍ വീതം വെച്ചതായും പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പ്രതികളുടെ സഹായത്തോടെ മുഴുവൻ സ്വര്‍ണവും പൊലീസ് കണ്ടെത്തിയെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്.