കൊച്ചി: ഡല്‍ഹിയില്‍ പട്ടിണികിടന്ന് മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആറ് മരിച്ചത്.പത്ത് ദിവസത്തിലേറെ പട്ടിണി കിടന്നതായിരുന്നു മരണം. സകര്‍പുറിലെ വാടകവീട്ടിലായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. അവശനിലയിലാണ് വാടകവീടിന്റെ ഉടമ ഇദ്ദേഹത്തെ മുറിയില്‍ കണ്ടെത്തുന്നത്. അതും സംശയം തോന്നി കതകു തകര്‍ത്ത് അകത്തു കടന്നു നോക്കിയപ്പോള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മരിച്ചതിനാല്‍ മൃതദേഹം നിര്‍ജ്ജലീകരിച്ച് ഒരു തുള്ളി രക്തം പോലും ഉണ്ടായിരുന്നില്ല.വിറകുകൊള്ളി പോലെ ഉണങ്ങി ശോഷിച്ച ശരീരം മാത്രമാണ് സംസ്‌കരിക്കാന്‍ ലഭിച്ചതെന്നു മരണാനന്തര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയ നെല്‍സണ്‍ വര്‍ഗീസ് പറഞ്ഞു. ആറു വര്‍ഷം മുമ്ബ് നാടുവിട്ട് ഡല്‍ഹിയിലെത്തി ജോലി ചെയ്ത് ജീവിച്ചു വരികയായിരുന്നു. അജിത്ത് എവിടെയാണെന്ന വിവരം നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നത്രെ. ഏതാനും മാസം മുന്‍പ് അജിത് വീട്ടിലേയ്ക്കു ഫോണില്‍ വിളിച്ചിരുന്നു. രോഗബാധിതയായ അമ്മയുമായി വിഡിയോ കോളില്‍ സംസാരിച്ചു. ഓണത്തിനു നാട്ടില്‍ വരാമെന്ന് അമ്മയ്ക്ക് ഉറപ്പും നല്‍കി. പിന്നാലെയാണ് പട്ടിണികിടന്നു മരിച്ചത്.
മാസങ്ങളായി ഇദ്ദേഹത്തിനു ജോലി ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. അഞ്ചു മാസത്തിലേറെയായി വാടകയും നല്‍കിയിരുന്നില്ല. പത്തു ദിവസമായിട്ടും വിവരങ്ങള്‍ ഇല്ലാതിരുന്നതോടെയാണ് വീട്ടുടമ കതകു തകര്‍ത്ത് അകത്തു കടന്നു പരിശോധിക്കുന്നതും ആശുപത്രിയില്‍ കൊണ്ടുപോകുന്നതും. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.