ശംഖുംമുഖം : വിമാനത്താവളം വഴി 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വ്യാഴാഴ്ച വൈകിട്ട് ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ കന്യാകുമാരി സ്വദേശി മോനിഷിനെയാണ് എയര്‍കസ്റ്റംസ് പിടിക്കൂടിയത്. 379 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം വയര്‍കട്ടറിന്റെ പിടിക്കൂള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് പലരില്‍ നിന്നുമായി എയര്‍കസ്റ്റംസ് അധികൃതര്‍ പിടിക്കൂടിയത്. പിടിക്കപ്പെടുന്നതിലധികവും സ്വര്‍ണക്കടത്ത് മാഫിയകളുടെ കെണിയിലോ പ്രലോഭനങ്ങളില്‍പ്പെട്ട് പണം മോഹിച്ച് എത്തുന്നവരാണ്. ഇതിനാല്‍ കടത്തിന് ചരട്‌വലിക്കുന്ന സുത്രധാരന്‍മാരെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരം സുത്രധാരന്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് സ്വര്‍ണം കടത്തുന്നവരുടെ ജോലി.