കണ്ണൂർ : രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌ക മരിച്ചു. കോളാരി ഷഫീനാസ് മൻസിലില്‍ കുഞ്ഞാമിന (51) യാണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടമുണ്ടായത്.
കുഞ്ഞാമിനയെ കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും തെരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. കക്കാട് അടക്കം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായിട്ടുണ്ട്. മിക്കയിടത്തും മുട്ടറ്റമാണ് വെള്ളം.
ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ജില്ലയില്‍ വൻ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂർ താലൂക്കില്‍ 10 വീടുകള്‍ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്.