പാലക്കാട് : സ്റ്റേഷനില്‍ എത്താന്‍ വൈകിയതിനാല്‍ വിട്ടുപോയ ട്രെയിനില്‍ കയറിപ്പറ്റാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ രാജസ്‌ഥാന്‍ സ്വദേശി അറസ്‌റ്റില്‍.രാജസ്‌ഥാന്‍ നാഗൗര്‍ നവാദ് സ്വദേശി ജയസിങ് റാത്തോഡി(30)നെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
മാര്‍ബിള്‍ വ്യാപാരിയായ ജയസിങ് എറണാകുളത്തുനിന്നു ഡല്‍ഹിയിലേക്ക് രാജധാനിയില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. ജയസിങ് റെയില്‍വേ സ്‌റ്റേഷനിലെത്താന്‍ വൈകിയതിനാല്‍ വണ്ടിയില്‍ കയറാനായില്ല. പുറകേ വന്ന ട്രെയിനില്‍ കയറി തൃശൂരിലേക്കു പുറപ്പെട്ട ഇയാള്‍ അവിടെയെത്തും മുമ്പേ റെയില്‍ അലര്‍ട്ട് നമ്പറില്‍ വിളിച്ച് രാജധാനി എക്‌സ്‌പ്രസിന് ബോംബ് ഭീഷണിയുള്ളതായി അറിയിച്ചു.വിവരമറിഞ്ഞതും വണ്ടി ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് ആര്‍.പി.എഫും റെയില്‍വേപോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടങ്ങി. ഇതിനിടെ ഭീഷണി അറിയിച്ചുള്ള വിളി വന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. ഫോണ്‍ സ്വച്ച് ഓഫ് ചെയ്‌തിരുന്നെങ്കിലും ഉടമയുടെ പേര് വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വണ്ടിയിലെ യാത്രക്കാരുടെ റിസര്‍വേഷന്‍ പട്ടികയുമായി ഒത്തുനോക്കി. എറണാകുളത്തുനിന്നു വണ്ടിയിലെ ബി 10 കോച്ചില്‍ കയറേണ്ട യാത്രക്കാരന്റെ പേരും സമാനമായി കണ്ടെത്തി. ഇയാള്‍ എറണാകുളത്തുനിന്നും കയറിയിട്ടില്ലെന്ന് ടിക്കറ്റ് പരിശോധകന്‍ പോലീസിനെ അറിയിച്ചു. പരിശോധനയില്‍ ഇയാള്‍ ഷൊര്‍ണൂരില്‍നിന്നു വണ്ടിയില്‍ കയറിയതായി ബോധ്യപ്പെട്ടു. റെയില്‍ അലര്‍ട്ടിലേക്ക് വിളിച്ചതായി ഫോണില്‍നിന്നു വ്യക്‌തമായതോടെ പോലീസ് കസ്‌റ്റഡിയിലെടുത്തു.പരിശോധനയ്‌ക്കായി വണ്ടി നിര്‍ത്തിയിടുമ്പോള്‍ വന്നുകയറാനാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്‌തമായതോടെ റെയില്‍വേ എസ്.ഐ. അനില്‍ മാത്യു അറസ്‌റ്റ് രേഖപ്പെടുത്തി.