തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്. ഫാര്‍മസി മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ഒരു ഫാര്‍മസി കോളേജിനെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പല രോഗങ്ങളും രാജ്യത്ത് ആദ്യമായി കണ്ടുപിടിക്കുന്നത് കേരളത്തിലാണ്. പുതിയ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി വ്യവസായ വകുപ്പുമായി ആലോചിച്ചു വരുന്നു. കേരളത്തെ സംബന്ധിച്ച് ഔഷധ ഗവേഷണ മേഖലയില്‍ വലിയ പ്രാധാന്യമുണ്ട്. ഫാര്‍മസി മേഖലയില്‍ ഗവേഷണത്തില്‍ ഊന്നിയുള്ള വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിനോടൊപ്പം തന്നെ പ്രധാനമാണ് ശരിയായ രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവും. ഔപചാരികമായി ഫാര്‍മസി വിദ്യാഭ്യാസം നേടിയ കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ആശുപത്രികളിലും ആരോഗ്യ മേഖലകളിലും ലഭ്യമാക്കുന്നത് ആലോചിക്കും.