വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് കാര്‍ യാത്രികനായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ. അനസിന്റെയും വെഞ്ഞാറമൂട് അന്‍സി ഹോസ്‌പിറ്റലിലെ ഡോക്ടര്‍ ആന്‍സിയുടെയും മകന്‍ വെഞ്ഞാറമൂട് അന്‍സി കോട്ടേജില്‍ അമന്‍ മുഹമ്മദാണ് (16) മരിച്ചത്. നാലാഞ്ചിറ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ് അമന്‍.ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തിരുവനന്തപുരം ലുലുമാളിനും വെണ്‍പാലവട്ടത്തിനും മദ്ധ്യേ ബി.എം.ഡബ്ല്യൂ ഷോറൂമിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന അമന്റെ സഹോദരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.അമന്റെ സഹോദരന്‍ ആദില്‍ (20), വെഞ്ഞാറമൂട് റോസ്‌ലി നിവാസില്‍ മാനവ് (20), പാകിസ്ഥാന്‍മുക്കില്‍ നബാന്‍ (18), കീഴായ്ക്കോണം ചെറുകോണത്ത് പുത്തന്‍ വീട്ടില്‍ അബ്ദുള്ള (19) എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വെഞ്ഞാറമൂട് ജുമാ മസ്ജിദിലെ 27ാം രാവിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരം നഗരത്തില്‍ ഇടയത്താഴം കഴിക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.