മലപ്പുറം: കരുളായിയില്‍ പാലത്തില്‍നിന്ന് ഇരുപതടിയോളം താഴ്ചയുള്ള പുഴയിലേക്കു വീണ രണ്ടരവയസ്സുകാരനെ പോലീസുകാരൻ രക്ഷപ്പെടുത്തി.നെടുങ്കയം സ്വദേശിയും നിലമ്പൂർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എൻ.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30-ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്പുഴയ്ക്കു കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ പാലത്തിനുസമീപം ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്ന സുഹൃത്തുക്കളെ കാണാനായി വരുകയായിരുന്നു സജിരാജ്. കുട്ടി പാലത്തില്‍നിന്നും വെള്ളത്തിലേക്കു വീഴുന്നതു കണ്ട സജിരാജ് മറ്റൊന്നും നോക്കാതെ പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയിലേക്ക് എടുത്തുചാടി വെള്ളത്തില്‍വീണ കുട്ടിയെ പൊക്കിയെടുത്ത് നീന്തി കരപറ്റി.കുട്ടിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും കുട്ടി സംസാരിച്ചതായും കണ്ടുനിന്നവർ പറഞ്ഞു. പാറക്കെട്ടുകളും നല്ല ഒഴുക്കുമുള്ള പുഴയില്‍ ഒരാള്‍ക്കു മുകളില്‍ വെള്ളവുമുണ്ടായിരുന്നു. ഇതിലേക്ക് എടുത്തുചാടാൻ സജിരാജ് കാണിച്ച ധീരതയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.