കോഴഞ്ചേരി: ആറന്മുളയില്‍ ശ്രീകൃഷ്ണജയന്തി ശോഭയാത്രയിലേക്ക് പാഞ്ഞുകയറിയ കാറിന് മുന്നില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്കേറ്റു.ആറന്മുള പൊലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സഞ്ജയനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരനായ ഒരാള്‍ക്ക് നിസ്സാരപരിക്കുണ്ട്. സഞ്ജയുടെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് ആറരയോടെ ആറന്മുള തറയില്‍ ജങ്ഷനിലാണ് അപകടം. ശോഭയാത്ര ആറന്മുള ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പൊലീസ് റോഡില്‍ ഒറ്റവരി ഗതാഗതം നിയന്ത്രിക്കുക ആയിരുന്നു. ഇതിനിടെയാണ് കാര്‍ പാഞ്ഞെത്തിയത്ശോഭയാത്രയില്‍ പങ്കെടുക്കുന്ന കുട്ടിയെ കാര്‍ ഇടിക്കുമെന്ന് മനസ്സിലാക്കിയ സഞ്ജയൻ മുന്നിലേക്ക് ചാടി കുട്ടിയെ വാരിയെടുത്തു. അപ്പോഴേക്കും സഞ്ജയനെ കാര്‍ ഇടിച്ചു വീഴ്‌ത്തിയിരുന്നു. ഇരുവരും തെറിച്ചുവീണെങ്കിലും കുട്ടിക്ക് പരിക്ക് പറ്റിയില്ല. തലയടിച്ച് റോഡില്‍വീണ സഞ്ജയന്റെ ചെവിയില്‍നിന്ന് രക്തംവരുന്നുണ്ടായിരുന്നു. ഉടൻ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ പിന്നീട് കോട്ടയത്തേക്ക് മാറ്റി. സ്ഥലത്തുനിന്ന് വേഗം ഓടിച്ചുപോയ കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.