മാവേലിക്കര: പുന്നമൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര (6) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയില്‍ എടുത്തു.തൊട്ടടുത്തു മഹേഷിന്‍റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന മഹേഷിന്‍റെ അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്‍റെ സിറ്റൗട്ടില്‍ സോഫയില്‍ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈക്കു വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുന്പ് ജീവനൊടുക്കിയിരുന്നു. വിദേശത്തായിരുന്ന മഹേഷ്, പിതാവ് മുകുന്ദൻ ട്രെയിൻ തട്ടി മരിച്ച ശേഷമാണ് നാട്ടിലെത്തിയത്. പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്ന മഹേഷിന്‍റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മഹേഷിന്‍റെ സ്വഭാവത്തിലെ പോരായ്മകള്‍ അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.