ഹൈദരാബാദ്: വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരിയെ അമ്മ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ വസതിയില്‍ വച്ച് 19കാരിയാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച രാത്രിയാണ് അമ്മ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു.അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടിയെ ഒരു ബന്ധുവിനെ കൊണ്ട് വിവാഹം കഴിക്കാനായിരുന്നു താത്പര്യം. എന്നാല്‍ താൻ ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ മാത്രമെ വിവാഹം ചെയ്യൂവെന്നും പെണ്‍കുട്ടി പറഞ്ഞു.
തിങ്കളാഴ്ച മകള്‍ കാമുകനോട് സംസാരിക്കുന്നത് കണ്ട അമ്മ പെണ്‍കുട്ടിയുമായി വഴക്കുണ്ടാവുകയും തുടർന്ന് ഇവർ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇത് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു സ്വകാര്യകോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി.