ബത്തേരി: വയനാട്ടില്‍ വീണ്ടും സജീവമായി കടുവാ ശല്യം. മൂലങ്കാവിന് അടുത്ത് 64 എറളോട്ടു കുന്നില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന മൂരിക്കിടാവനെ കടുവ കൊന്നു.ബിനു എന്നയാളുടെ മൂരിക്കിടാവിനെയാണ് കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കടുവ മൂരിക്കിടാവിനെ ആക്രമിച്ചത്. നാലരയോടെയാണ് കടുവ എത്തിയത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് തന്നെയുള്ള തൊഴുത്തിലെത്തി മൂരിക്കിടാവിനെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ മൂരിക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ ഇരുട്ടില്‍ ഓടി മറയുകയായിരുന്നു. അതേസമയം ഡെപ്യൂട്ടി റേഞ്ചര്‍ അടക്കമുള്ള വനപാലക സംഘം ഇവിടെയെത്തിയിരുന്നു. സമീപത്ത് തന്നെയുള്ള കൃഷിയിടത്തില്‍ നിന്നാണ് മൂരിക്കിടാവിനെ കണ്ടെത്തിയത്. മുത്തങ്ങ, കുറിച്ച്‌യാട്, റേഞ്ച് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി. ഇവരാണ് നാട്ടുകാരും, ജനപ്രതിനിധകളുമായിചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്.കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി മൂരിക്കിടാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്തു. നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം പ്രദേശത്ത് കടുവയിറങ്ങിയസാഹചര്യത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വനംവകുപ്പ് രാത്രിയിലെ പട്രോളിംഗും ശക്തമാക്കി.