പന്തളം : മാവേലിക്കര റോഡില്‍ കുന്നിക്കുഴി കവലയ്ക്ക് സമീപം ടിപ്പര്‍ലോറി കാറിലിടിച്ച് നിയന്ത്രണംവിട്ട് വീടിന്റെ കിടപ്പുമുറിയിലേക്ക് ഇടിച്ചുകയറി. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മ രക്ഷപെട്ടത് തലനാരിഴക്ക്. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.45നാണ് അപകടം. മാവേലിക്കര ഭാഗത്തുനിന്നും പന്തളത്തേക്ക് വരികയായിരുന്ന ടിപ്പറാണ് എതിരേയെത്തിയ കാറില്‍ ഇടിച്ച ശേഷം വീട്ടിലേക്ക് ഇടിച്ച് കയറിയത്. കുന്നിക്കുഴി കവലയ്ക്കും ആര്‍ ആര്‍ ക്ലിനിക്കിനും ഇടയിലുള്ള വലിയ വളവിലായിരുന്നു അപകടം. റോഡരികിലുള്ള ഹരിഗീതത്തില്‍ രംഗനാഥന്റെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. മതിലും വീടിന്റെ കിടപ്പ് മുറിയുടെ ഭിത്തിയും സണ്‍ഷെയ്ഡും തകര്‍ന്നു. ലോറിയിടിച്ച് തകര്‍ന്ന ഭിത്തിയുടെ സമീപമുള്ള കട്ടിലില്‍ ഉറങ്ങുകയായിരുന്ന ഗീത രംഗനാഥൻ ഇടിയുടെ ശബ്ദം കേട്ട് ഭയന്ന് ഉണര്‍ന്നപ്പോഴാണ് സംഭവം അറിഞ്ഞത്.