യു എസ് .എ : പാന്റിനുള്ളില്‍ ഒളിപ്പിച്ച് പെരുപാമ്പുകളെ കടത്തിയ യുഎസ് പൗരന്‍ പിടിയില്‍. കാനഡയില്‍ നിന്ന് മൂന്ന് ബര്‍മീസ് പെരുപാമ്പുകളെ കടത്താന്‍ ശ്രമിച്ചെന്നാണ് അമേരിക്കന്‍ പൗരനും 36കാരനുമായ കാല്‍വിന്‍ ബൗട്ടിസ്റ്റയ്‌ക്കെതിരെ ആരോപണം.പെരുപാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് ബസില്‍ അതിര്‍ത്തി കടക്കുകയായിരുന്നു ഇയാള്‍. പരിശോധനയില്‍ ഇയാളുടെ വസ്ത്രം പുറത്തേക്ക് അസാധാരണമായി തള്ളിനില്‍ക്കുന്നതായി കണ്ടു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുണികൊണ്ടുള്ള സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ മൂന്ന് പെരുപാമ്പുകളെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തി.ചെറിയ പാമ്ബുകളായിരുന്നു ഇവയെന്നാണ് വിവരം.മനുഷ്യര്‍ക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബര്‍മീസ് പൈത്തണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്.കാല്‍വിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയതിന് ശേഷം അല്‍ബാനിയയിലെ കോടതിയില്‍ ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.