വടക്കാഞ്ചേരി: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ (56) ആണ് മരിച്ചത്.പ്രദേശവാസിയായ ജയന്‍ എന്നയാള്‍ക്കും വെട്ടേറ്റു. തലയ്ക്കും നെഞ്ചിനും വെട്ടേറ്റ ജയനെ തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവറായ ജയന്‍ റോഡിലൂടെ മാടുകളുമായി വരുമ്പോഴാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തെങ്ങിന്‍തോട്ടത്തില്‍ വച്ചാണ് വാസുദേവനെ വെട്ടിയത്. കള്ളു ചെത്താനായി എത്തിയതായിരുന്നു വാസുദേവന്‍. സഹപ്രവര്‍ത്തകനായ വാഴാലിക്കാവ് സ്വദേശി ഗിരീഷ് എന്നയാളാണ് വെട്ടിയത്. കള്ള് ചെത്താനുപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ചു തന്നെ വാസുദേവന്‍ മരിച്ചു. വാസുദേവന്റെ കഴുത്തറ്റ നിലയിലാണ്. കള്ള് ചെത്താനായാണ് ഒരേ പറമ്പില്‍ രണ്ടു പേരും ഒരുമിച്ചെത്തിയത്. വാക്കു തര്‍ക്കവും മുന്‍ വൈരാഗ്യവുമാകാം കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.