ഇടുക്കി : ഇടുക്കിയില്‍ വിനോദസഞ്ചാരികളായി എത്തിയ യുവാവും പെണ്‍കുട്ടിയും ആളൊഴിഞ്ഞ വീട്ടില്‍ക്കയറി വിഷം കഴിച്ച് മരിച്ച നിലയില്‍. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) തുടങ്ങിയവരാണ് മരിച്ചത്. മറയൂര്‍ – ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടില്‍ കയറിയാണ് ഇവര്‍ വിഷം കഴിച്ചത്.പുഷ്പൻ ടൗണിലേക്ക് പോയ സമയത്താണ് യുവാവും പെണ്‍കുട്ടിയും വീട്ടില്‍ കയറുന്നത്. വിഷം കഴിച്ച് അവശനിലയിലായ പെണ്‍കുട്ടി രാത്രി ഒൻപതോടെ റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഒരു വാഹനം തടഞ്ഞു നിര്‍ത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറയുകയായിരുന്നു.
യുവാക്കള്‍ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ അവശനായ യുവാവിനേയും കണ്ടെത്തി.യുവാക്കള്‍ ഉടനടി മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഘം വീട്ടിലെത്തി ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലായതിനാല്‍ ഉദുമലൈയിലേക്കും കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഞായറാഴ്ച ഇരുവരും മരിച്ചു.