കണ്ണൂര്‍ : ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിലെ കൃഷിയിടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സെവന്‍സ് സ്വദേശിയായ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യന്‍ (22) ആണു മരിച്ചത്. തച്ചിലേടത്ത് ഡാര്‍വിന്‍റെ കൃഷിയിടത്തില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഡാര്‍വിന്‍റെ വീടിന്‍റെ 50 മീറ്റര്‍ അകലെയുള്ള കമുകിന്‍തോട്ടത്തിലായിരുന്നു സംഭവം. ആരോ ഉറക്കെ കരയുന്ന ശബ്ദവും ആനയുടെ ചിന്നം വിളിയും കേട്ട് ഡാര്‍വിന്‍ പുറത്തിറങ്ങി പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി. ആനയെ ഓടിച്ചശേഷം പരിക്കേറ്റു കിടക്കുന്ന എബിനെ കണ്ടെത്തി. വായില്‍നിന്നു രക്തം ഒഴുകുന്ന നിലയിലായിരുന്നു. ഉടനെ നാട്ടുകാരുടെ സഹായത്തോടെ എബിനെ ചെറുപുഴ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും മരിച്ചു. കര്‍ണാടക വനത്തില്‍നിന്നെത്തിയ ഒറ്റയാനാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം.