കൊടുങ്ങല്ലൂര്‍ : പടിഞ്ഞാറെ വെമ്പല്ലൂരില്‍ മദ്യസത്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു.പടിഞ്ഞാറെ വെമ്പല്ലൂര്‍ സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടോടെയാണു സംഭവങ്ങളുടെ തുടക്കം. ധനേഷും സുഹൃത്തുക്കളുമായ നാലു പേരും ചേര്‍ന്ന് ധനേഷിന്‍റെ വീട്ടില്‍വച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളിലൊരാളായ അനുവും ധനേഷുമായി അടിപിടിയുണ്ടായി. മറ്റു മൂന്നു പേരും പോയ ശേഷമാണ് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ധനേഷ് നേരത്തെ ഒരുമിച്ചു മദ്യപിച്ച മൂന്നു സുഹൃത്തുക്കളെയും കൂട്ടി അനുവിനെ അന്വേഷിച്ച് തൊട്ടടുത്ത കള്ളു ഷാപ്പിന് സമീപം എത്തി റോഡില്‍ ബഹളമുണ്ടാക്കി. ഇതറിഞ്ഞെത്തിയ പോലീസ് ധനേഷിനോട് ആശുപത്രിയില്‍ പോകാൻ ആവശ്യപ്പെടുകയും ബഹളമുണ്ടാക്കിയ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തുടര്‍ന്ന് അഞ്ചരയോടെ ധനേഷ് റോഡില്‍ വീണു കിടക്കുന്നുവെന്ന വിവരം കിട്ടിയെത്തിയ പോലീസ് ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.