കോട്ടയം : തിരുവാതുക്കലില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. ഇടയാഴം സ്വദേശി ഷഹാസ് ആണ് മരിച്ചത്.28 വയസായിരുന്നു. ഷഹാസിനൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ് , അഖില്‍ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന സമയം അതുവഴി കടന്നു പോയ മന്ത്രി പി.രാജീവിന്റെ വാഹത്തിലുണ്ടായിരുന്നവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തിരുവാതുക്കല്‍ പ്രീമിയം കോളേജ് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയില്‍ വരികയായിരുന്നു സുഹൃത്തുക്കളായ മൂന്നു പേരും. ഇവര്‍ തിരുവാതുക്കല്‍ പ്രീമിയം കോളേജ് ഭാഗത്ത് എത്തിയപ്പോള്‍ , നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന മൂന്നു പേരും റോഡില്‍ തെറിച്ചു വീണു. ഷഹാസ് തല്‍ക്ഷണം മരിച്ചു.