ചെങ്ങന്നൂര്‍ : എം.സി റോഡില്‍ മുളക്കുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.തിരുവനന്തപുരം ഫോര്‍ട്ട് എഫ്.ആര്‍.എ 23 രാം ജ്യോതിയില്‍ സുബ്രഹ്മണ്യന്റെ മകന്‍ പിറവം ചിന്‍മയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജര്‍ ശ്രീകാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45 ഓടെ മുളക്കുഴ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.ചെങ്ങന്നൂര്‍ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശ്രീകാന്ത് സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മറുവശത്തേക്ക് തിരിഞ്ഞ ശ്രീകാന്തിന്റെ കാറില്‍ പിന്നാലെയെത്തിയ മറ്റൊരു കാറും ഇടിച്ചു.മൂന്നു കാറുകളും സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ശ്രീകാന്തിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ലെന്നാണ് വിവരം.അപകടത്തില്‍ ദുരൂഹത ആരോപിച്ച് ശ്രീകാന്തിന്റെ ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.