ആലുവ: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ നിലത്തുവീണ യുവാവ് മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.തലയില്‍ മുറിവും ഉണ്ടായിരുന്നു. അശോകപുരം ഗാന്ധിനഗര്‍ കോളനി തൈക്കാവിന് സമീപം കോളായി വീട്ടില്‍ മഹേഷി (44) ന്റെ മൃതദേഹം ഇന്നലെ കളമശേരി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജനാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.വൈകിട്ട് കീഴ്മാട് ശ്മശാനത്തില്‍ സംസ്കരിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ വീട്ടില്‍ മാതൃസഹോദരന്‍ മണിയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മഹേഷ് നിലത്തുവീണത്. ഉടന്‍ അശോകപുരം കാര്‍മ്മല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിയും കൂടെയുണ്ടായിരുന്ന മകനും ഒളിവിലാണെന്ന് എടത്തല പൊലീസ് പറഞ്ഞു.പിതാവ് മോഹനന്റെ മരണശേഷം കുറച്ചു നാളായി മഹേഷും ഭാര്യയും കൂനമ്മാവിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ വീടിന്റെ ആധാരം പണയപ്പെടുത്തി വായ്പയെടുത്തത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൂചന.