പട്ടിക്കാട്: ഇരുമ്പ് കമ്പിയുമായി നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവിനു ദാരുണാന്ത്യം.പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശ്രദേഷാണ്(21) മരിച്ചത്. ശ്രദേഷിന്റെ കഴുത്തിലും നെഞ്ചിലും കമ്പികള്‍ തുളഞ്ഞുകയറി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ ചെമ്പൂത്ര പട്ടിക്കാട് അടിപ്പാത ആരംഭിക്കുന്നിടത്താണ് അപകടം. മൂവാറ്റുപുഴയില്‍നിന്നും കഞ്ചിക്കോട്ടെ കമ്പനിയിലേക്കു ലോഡുമായി പോകുകയായിരുന്നു ലോറി. കമ്പികള്‍ മൂടിയിട്ടിരുന്ന ടാര്‍പ്പായ പറന്നുപോയതും ഡ്രൈവര്‍ ലോറി നിര്‍ത്തി ടാര്‍പ്പായ എടുക്കാന്‍ പോയി. ഈ സമയത്താണ് ബൈക്ക് ഇടിച്ചുകയറിയത്. ഇതുവഴി വന്ന പീച്ചി പോലീസിന്റെ ജീപ്പില്‍ ശ്രദേഷിനെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.