ത്യശൂര്‍ : സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നാണെന്നും വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്നും പറഞ്ഞ് പരിചയപ്പെടുത്തി ഫോണിലേക്ക് വന്ന ഒ.ടി.പി കരസ്ഥമാക്കി അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയ യുവാവിനെ സിറ്റി ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.തൃശൂര്‍ ചിറക്കല്‍ സ്വദേശി കടവില്‍ വീട്ടില്‍ ഗുലാൻ എന്നറിയപ്പെടുന്ന കാര്‍ത്തികാണ് (28 ) പിടിയിലായത്.സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് സംഘം പ്രതിയെ പിടികൂടിയത്. ചാവക്കാട് മണത്തല സ്വദേശിയെ വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ഫോണിലേക്ക് വന്ന ഒ.ടി.പി തട്ടിയെടുത്ത് 75,000 രൂപ തട്ടിയെന്ന കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത്.