കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്ബൂര്‍ സ്വദേശി റിയാസ് ബാബു (36) ആണ് അറസ്റ്റിലായത്.54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്.വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് റിയാസ് പുറത്തെത്തിയെങ്കിലും, പോലീസിന്റെ പിടിയിലാവുകയായിരുന്നു. 910 ഗ്രാം അടങ്ങുന്ന സ്വര്‍ണമാണ് മൂന്ന് ക്യാപ്സൂള്‍ രൂപത്തില്‍ ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂര്‍ എത്തിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയില്‍ രക്ഷപ്പെട്ടു.എന്നാല്‍, രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുറത്ത് നില്‍ക്കുകയായിരുന്ന പോലീസിന്റെ വലയിലേക്കാണ് റിയാസ് ചെന്നുചാടിയത്. ചോദ്യം ചെയ്യലില്‍ റിയാസ് കുറ്റം നിഷേധിച്ചു. സ്വര്‍ണം കടത്തലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ ആണയിട്ടു. ഒടുവില്‍ ശരീരത്തില്‍ നടത്തിയ എക്സ്റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ് .