വെള്ളൂർ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇറുമ്പയം ഇലവുംചുവട്ടില്‍ വീട്ടില്‍ അജീഷ് ബി. മാർക്കോസി(40) നെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ജൂലൈയില്‍ പലതവണയായി മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും, ശാഖകളിലുമായി മാലയും, വളകളും നല്‍കി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് ഇത് സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്. പരാതിയെ തുടർന്ന് വെള്ളൂർ പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.