അങ്കമാലി: മുംബെയില്‍ നിന്നും കൊറിയറിലൂടെ എത്തിച്ച ലക്ഷങ്ങള്‍ വില വരുന്ന മാരക മയക്കുമരുന്ന് കൈപ്പറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍.ചെങ്ങമനാട് നീലാത്ത് പള്ളത്ത് വീട്ടില്‍ അജ്മലാണ് (24) ജില്ല റൂറല്‍ എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അങ്കമാലി പോലീസിന്‍റെ പിടിയിലായത്.
200ഗ്രാം എം.ഡി.എം.എ, 3.89 ഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് എല്‍.എസ്.ഡി സ്റ്റാമ്ബ് എന്നിവയാണ് അങ്കമാലിയിലെ സ്വകാര്യ കൊറിയര്‍ വഴിയാണെത്തിയത്. എംഡിഎംഎക്ക് മാത്രം 20 ലക്ഷത്തോളം രൂപ വിലവരും. മുംബൈയില്‍ നിന്ന് രാഹുല്‍ എന്നയാളുടെ മേല്‍വിലാസത്തിലാണ് മയക്കുമരുന്ന് എത്തിയതെന്ന് പോലീസ് പറഞ്ഞു.ജില്ല റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലി സിഐ പിഎം ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കൊറിയര്‍ സ്ഥാപനത്തില്‍ അതീവ രഹസ്യമായി കാത്തുനില്‍ക്കുകയിരുന്നു. അതിനിടെ കാറിലെത്തിയ യുവാവ് കൊറിയര്‍ സ്ഥാപനത്തിലെത്തി മയക്കുമരുന്നുകളുടെ പാക്കറ്റുകള്‍ ഏറ്റുവാങ്ങി രഹസ്യമായി ഒളിപ്പിച്ച ശേഷം പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു.