കിളിമാനൂര്‍ :ഭാര്യാവീട്ടില്‍ അതിക്രമിച്ചുകയറി വൃദ്ധനായ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം അച്ചന്‍കോവില്‍ ഹരിജന്‍കോളനി ബ്ലോക്ക് നമ്പര്‍ 27 അംശുഭവനില്‍ അംശുരാജി(41)നെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയായിരുന്നു സംഭവം. പിണങ്ങിക്കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും പിതാവ് സംരക്ഷിക്കുന്നതിന്റെ വിരോധത്തില്‍ പ്രതി തട്ടത്തുമല മറവക്കുഴിയിലുള്ള ഭാര്യാഗൃഹത്തില്‍ കടന്നുകയറി ഓടുകൊണ്ട് ഭാര്യാപിതാവായ ബാബു(75)വിന്റെ തലയിലും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പ്രതി സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് 2016 ല്‍ സര്‍വ്വീസില്‍ നിന്നുപിരിച്ചു വിട്ടിരുന്നു.