മംഗലപുരം: ക്ലര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍.മംഗലപുരം കിണറ്റുവിള വീട്ടില്‍ കണ്ണന്‍ എന്ന രഞ്ജിത്തി(25)നെയാണ് പണം തട്ടിയെടുത്തെന്ന പരാതിയില്‍ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുക്കുംപുഴ സ്വദേശിയുടെ ഭാര്യയ്ക്ക് കയര്‍ബോര്‍ഡിന്‍റെ സെക്രട്ടറിയേറ്റിലുള്ള സെക്ഷന്‍ ഓഫീസില്‍ യുഡി ക്ലര്‍ക്കായി ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2022 നവംബര്‍ 24ന് 50,000 രൂപ വാങ്ങിയിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ജനുവരി രണ്ടിന് നിയമന ഉത്തരവും തിരിച്ചറിയല്‍ രേഖയും നല്‍കിയശേഷം 14,000 രൂപ കൂടി രഞ്ജിത് വാങ്ങി. വരുന്ന അഞ്ചിനു ജോലിക്ക് പ്രവേശിക്കണമെന്നും താന്‍ കൂടി ജോലി സ്ഥലത്തുവന്നു എല്ലാവരെയും പരിചയപെടുത്താമെന്നും രഞ്ജിത് പറഞ്ഞിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.