വയനാട്: കാട്ടാനയോടിച്ചു മരത്തില്‍ കയറ്റിയ യുവാവ് വീണു മരിച്ചു. കാട്ടാനയെ തുരത്താന്‍ എസ്റ്റേറ്റില്‍ കാവല്‍ കിടക്കുന്നതിനിടെ തിരുനെല്ലി അപ്പപ്പാറ സ്വദേശി രതീഷ് (24) ആണു മരിച്ചത്. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ്, സുഹൃത്ത് ഗണേശിനൊപ്പം ആനയെ തുരത്താനായി കാവല്‍ കിടക്കവേയാണ് കാട്ടാനയോടിച്ചത്. 10 മണിയോടെ എത്തിയ കാട്ടാന ഇരുവരെയും ഓടിക്കുകയും രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ രതീഷ് കാല് തെറ്റി താഴെ വീഴുകയുമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.കൂടെയുണ്ടായിരുന്ന ഗണേശന് ഓടി രക്ഷപ്പെട്ടു. താന്‍ മരത്തിനു മുകളിലുണ്ടെന്നു രതീഷ് ഗണേശിനെ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതനുസരിച്ച് കാട്ടാന തിരികെ പോയതിന് പിന്നാലെ വന്നു നോക്കിയപ്പോഴാണ് രതീഷ് താഴെ വീണു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപ്പപ്പാറ മധ്യപാടി മല്ലികപ്പാറ കോളനിയിലെ രാജു – ഗൗരി ദമ്പതികളുടെ മകനാണ്.