മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ എതിരേല്‍പ്പ് ഉത്സവത്തിനെത്തിയ യുവാവിനെ സമീപത്തെ മണല്‍ വില്പന കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണമംഗലം വടക്ക് പൂവമ്പള്ളില്‍ പരേതനായ ചന്ദ്രന്റെയും രാജമ്മയുടെയും മകന്‍ ജയലാലിനെയാണ് (35) ക്ഷേത്രം ജംഗ്ഷന് പടിഞ്ഞാറുള്ള ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്തെ മണല്‍ വില്പന കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടത്.വെല്‍ഡിംഗ് തൊഴിലാളിയായ ജയലാല്‍ വെള്ളിയാഴ്ച രാത്രി ഗാനമേള കാണാന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. പുലര്‍ച്ചെ ഒന്നിന് ഇവരെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങിവന്നു. പുലര്‍ച്ചെ 2ന് ക്ഷേത്രത്തിന് സമീപം സംഘര്‍ഷമുണ്ടായി. ഇവിടെ നിന്ന് ജയലാല്‍ ഓടിപ്പോയതായി പറയുന്നു. പുലര്‍ച്ചെ നാലോടെ മണല്‍ വില്‍പന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരന് എത്തിയപ്പോള്‍ ഒരാള്‍ നിലത്തു കിടക്കുന്നത് കണ്ട് ആളുകളെ വിളിച്ചുകൂട്ടി. ജയലാലിനെ തിരിച്ചറിഞ്ഞവര്‍ ഇയാളെ വീട്ടിലെത്തിച്ചു. എന്നാല്‍, വിളിച്ചിട്ട് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മാവേലിക്കര തട്ടാരമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്നരമണിക്കൂര്‍ മുമ്പ് മരണം നടന്നതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു.