കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനു മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സ‌യില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

വൈപ്പിന്‍: കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനു മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സ‌യില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ചെറായി കരുത്തല കിഴക്ക് പുതുപ്പറമ്പില്‍ ഗോപി -രത്തിനം ദമ്പതികളുടെ മകന്‍ വിനൂപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ചെറായി വാരിശേരി അമ്പലത്തിനടുത്തു വച്ചാണ് വിനൂപിനു മര്‍ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിയായ ചെറായി പടമാട്ടുമ്മല്‍ പ്രജിത്തിനെ(44) അന്നു തന്നെ മുനമ്പം പോലീസ് വധശ്രമത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ സ്വകാര്യ പണമിടപാടുസ്ഥാപനം നടത്തിവന്നിരുന്നയാളാണ് വിനൂപ്. പ്രതിയുടെ ഭാര്യ ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇവര്‍ വിനൂപില്‍നിന്ന് ആയിടയ്ക്ക് നല്ലൊരു തുക വായ്പ വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കിയിരുന്നില്ല. ഇതിനിടയില്‍ പ്രളയകാലം വന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ച്‌ സ്ഥാപനം തകരുകയും അടച്ചുപൂട്ടുകയും ചെയ്തു. പണം കിട്ടാനുള്ളവര്‍ നിയമനടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വിനൂപും സഹോദരനും ഉള്‍പ്പെടെ നിയമനടപടി നേരിട്ടുവരികയുമാണ്. മാത്രമല്ല, ഇവരുടെ വീടും ജപ്തി ചെയ്തു. ഇതോടെ താമസം വാടകവീട്ടിലായി. ഇതിനിടെ കടം വാങ്ങിയ പണം പലകുറി തിരികെ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നല്‍കിയില്ലത്രേ. ശനിയാഴ്ചയും വിനൂപ് പണം ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലെത്തി. തര്‍ക്കത്തെതുടര്‍ന്ന് ചെടിച്ചട്ടികളും മറ്റും നശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ജീവനക്കാരിയുടെ ഭര്‍ത്താവായ പ്രജിത്ത് വിനൂപിനെ ആക്രമിച്ചത്. തിരിഞ്ഞോടിയ വിനൂപിനെ പിന്തുടര്‍ന്നും ആക്രമിച്ചു. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ വിനൂപിന്‍റെ നാവ് മുറിഞ്ഞു വേര്‍പെട്ട അവസ്ഥയിലുമായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണു മരിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =