തിരുവല്ലത്തുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെങ്ങാനൂര്‍ മുട്ടയ്ക്കാട് സ്വാതി ഭവനില്‍ കുമാര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. നഗരത്തില്‍ ഡോക്ടറെ കാണാനായി ഭാര്യ സരിതയുമായി ബൈക്കില്‍ പോകവെ തിരുവല്ലം ജംഗ്ഷനില്‍ വെച്ച് എതിര്‍ ദിശയില്‍ നിന്നെത്തിയ യുവാവ് സഞ്ചരിച്ച ബൈക്ക് കുമാറിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണാണ് കുമാറിന് ഗുരുതര പരിക്കേറ്റത്. ബൈക്കില്‍ നിന്നും തെറിച്ചു വീണ കുമാറിന്റെ ഹെല്‍മറ്റ് റോഡില്‍ ചിതറി തെറിച്ച നിലയിലായിരുന്നു. സരിതയുടെ ഇടത് കൈക്കും കാലിനും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുമാർ ഇന്നലെ പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കോവളത്തെ സ്വകാര്യ ഹോട്ടലുകള്‍ക്ക് വെള്ളം സപ്ലൈ ചെയ്യുന്ന ബി.എസ്. കെ മോട്ടേഴ്‌സിന്റെ ഡ്രൈവറായിരുന്നു. മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഭാര്യ വീടായ വെള്ളാര്‍ നെല്ലിവിള നടുത്തട്ട് പുത്തന്‍വീട്ടില്‍ സംസ്‌കരിച്ചു.