പാങ്ങോട്: 80 ലക്ഷം രൂപ ലോട്ടറി അടിച്ച യുവാവ് മദ്യസത്കാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.പാങ്ങോട് തൂറ്റിക്കല്‍ സജി വിലാസത്തില്‍ പരേതനായ ശ്രീധരന്റെയും ഇന്ദിരയുടെയും മകനായ സജീവിനെ (35) കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് പാങ്ങോട് മതിര സ്വദേശി മായാവി എന്ന സന്തോഷിനെ (45) പാങ്ങോട് പൊലീസ് പിടികൂടി.ടൈല്‍സ് പണിക്കാരനായിരുന്ന സജീവിന് കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ഈ തുക ബാങ്കിലെത്തിയതിന് പിന്നാലെ സജീവ് കുറച്ച് തുക ഉപയോഗിച്ച് അരയേക്കര്‍ ഭൂമി വാങ്ങുകയും കുറച്ചുപണം സഹോദരങ്ങള്‍ക്കും നല്‍കിയിരുന്നു.ഞായറാഴ്ച താഴേ പാങ്ങോടുള്ള സുഹൃത്ത് രാജേന്ദ്രന്‍പിള്ളയുടെ വാടകവീട്ടിലാണ് സുഹൃത്തുക്കള്‍ക്കായി മദ്യസത്കാരം സംഘടിപ്പിച്ചത്. രാത്രി ഒമ്പതിനുശേഷം പ്രതി സന്തോഷും കൊല്ലപ്പെട്ട സജീവും വീടിന് പുറത്തിറങ്ങി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ സന്തോഷ് സജീവിനെ വീടിന്റെ മുന്‍വശത്തുള്ള ഒരു മീറ്റര്‍ താഴ്‌ചയുള്ള റബര്‍തോട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം.വീഴ്‌ചയുടെ ആഘാതത്തില്‍ കഴുത്തിനേറ്റ പൊട്ടലാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.