പുനലൂർ: 30 കിലോ കഞ്ചാവുമായി പുനലൂർ പൊലീസ് പിടികൂടിയ പ്രതികളെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയില്‍ വെള്ളിയാഴ്ചയാണ് പ്രതികളെ ഹാജരാക്കിയത്. കാപ്പ കേസ് പ്രതി പുനലൂർ മുസാവരിക്കുന്നില്‍ ചരുവിളപുത്തൻവീട്ടില്‍ അലുവ ഷാനവാസ് എന്ന ഐ. ഷാനവാസ് (41), വെട്ടിത്തിട്ട കുര്യോട്ടുമല അഞ്ജനഭവനില്‍ വിഷ്ണു എന്ന ബി. അജിത് (24), ചെമ്മന്തൂർ ഫൈസല്‍ മൻസിലില്‍ ഡി. ജെസില്‍ (22) എന്നിവരാണ് പിടിയിലായത്.ഷാനവാസ് കഞ്ചാവ് കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും കാപ്പാ നടപടി കഴിഞ്ഞും അടുത്തിടെയാണ് ജയില്‍ മോചിതനായത്. 11ഓടെയാണ് ഷാനവാസും പുനലൂർ സ്വദേശികളായ മറ്റ് രണ്ടുപേരും ഉള്‍പ്പെട്ട സംഘം സിദ്ദീഖ് എന്നയാളുടെ ഓട്ടോയില്‍ കഞ്ചാവ് കുര്യോയോട്ടുമല ആദിവാസി കോളനിയിലെ അജിത്തിന്‍റെ വീട്ടില്‍ എത്തിച്ചത്. ഒഡിഷയില്‍ നിന്നെത്തിച്ച 30.3 കിലോ കഞ്ചാവ് 22 പാക്കറ്റുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. വില്‍പനക്കാരനായ നിസാം എന്നയാള്‍ക്ക് നല്‍കാനാണ് ഷാനവാസ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.