അമ്പലപ്പുഴ: സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍.തിരുവനന്തപുരം ചിറയിന്‍കീഴ് ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം, കടക്കപ്പള്ളി ജ്യോസിയാ നിവാസില്‍ തിയോഫിന്‍ (അനി-39) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 13നായിരുന്നു സംഭവം.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്‍റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും പണവും ആണ് പ്രതികള്‍ മോഷ്ടിച്ചത്.തുടര്‍ന്ന് സജീവന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമാന കേസില്‍ അറസ്റ്റിലായ പ്രതികളുടെയും ജയില്‍ മോചിതരായവരെയും പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.നിരവധി മോഷണക്കേസില്‍ പ്രതിയായ സതീഷിനെ എറണാകുളം കങ്ങരപ്പടിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നാണ് രണ്ടാം പ്രതിയായ തിയോഫിന്‍റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കത്തിക്കുത്ത് കേസില്‍ റിമാന്‍ഡിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.