അഞ്ചല്‍: കൊല്ലത്ത് സ്കൂള്‍ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. മങ്ങാട് അറുനൂറ്റിമംഗലം രജിത ഭവനില്‍ വിനോജ് കുമാറിനെയാണ് (49) ചടയമംഗലം പോലീസ് പിടികൂടിയത്.ആയൂര്‍ ചെറുപുഷ്പം സ്കൂളില്‍ ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്.ഇക്കഴിഞ്ഞ നാലിനാണ് ആയൂര്‍ ചെറുപുഷ്പം സ്കൂളില്‍ കവര്‍ച്ച നടന്നത്. ഒന്‍പതോടെ സ്കൂളില്‍ കടന്ന പ്രതി ഓഫീസ് കുത്തിത്തുറന്ന് സ്കൂള്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തി എണ്‍പത്തിനായിരത്തോളം രൂപ മോഷ്ട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കൊട്ടാരക്കരയില്‍ എത്തിയ പ്രതി ഇവിടെ നിന്നും ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലത്തെ വീട്ടിലേക്കു പോയി.സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.അടുത്തിടെ ജയില്‍ മോചിതരായ സമാനമായ മോഷണങ്ങളില്‍ പ്രതികളായ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിമൂന്നോളം കവര്‍ച്ച കേസുകളില്‍ പ്രതിയായ വിനോജ്കുമാറിനെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെ കൊല്ലത്തെ വാടക വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.