വര്‍ക്കല: പെട്രോള്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.വര്‍ക്കല കോട്ടുമൂല വിളയില്‍വീട്ടില്‍ അസീ(33) മിനെയാണ് വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തത്. ചെറുന്നിയൂര്‍ കാറാത്തല മണി ഭവനത്തില്‍ കൈലാസ് നാഥി(23)നാണ് തലയില്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വര്‍ക്കല ക്ഷേത്രം റോഡില്‍ നടയ്ക്കാമുക്കിനു സമീപമാണ് സംഭവം നടന്നത്. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് അസീം റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് അസീമിന്റെ പരിചയക്കാരനായ അഖിലും കൈലാസ് നാഥും ബൈക്കില്‍ അതുവഴി പോയത്. അഖിലിനെ അസീം വിളിച്ച് പെട്രോള്‍ വാങ്ങി നല്‍കാൻ ആവശ്യപ്പെട്ടിരുന്നു അഖില്‍ വിസമ്മതിച്ചതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ, അസീംകൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കൈലാസ് നാഥിന്റെ തലയില്‍ കുത്തുകയായിരുന്നു.തലയോട്ടിയില്‍ തറയ്ക്കുന്ന രീതിയില്‍ കുത്തുകയും കത്തിയുടെ പിടി ഒടിയുകയും ചെയ്തതായി പോലീസ് പറഞ്ഞു.