പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്.മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ്, വെട്ടിക്കവല സ്വദേശിയായ ബിബിന്‍രാജിനെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. ഏതാനും നാളുകളായി നീതുവും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. നീതുവിന്റെ പക്കലുണ്ടായിരുന്ന, മക്കളുടെ ആധാര്‍ കാര്‍ഡ് വാങ്ങാനാണ് ബിബിന്‍ ആശുപത്രിയില്‍ എത്തിയതത്രേ. കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്കു മാറ്റിയശേഷം മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.