തിരുവനന്തപുരം: നഗരം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ മേയറുടെ നേതൃത്വത്തില്‍ ഭരണസമിതി തീരുമാനമെടുത്തത് ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം.ആര്‍ ഗോപന്‍. മഴക്കാല പൂര്‍വ്വ ശുചീകരണം അവതാളത്തിലാക്കി നഗരത്തില്‍ പനി ബാധിതര്‍ വര്‍ദ്ധിക്കുമ്പോഴും സിപിഎം ഭരണ സമിതി അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനെതിരെ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാല പൂര്‍വ്വ ശുചികരണം അവതാളത്തിലായി നഗരം പനിച്ചു വിറയ്ക്കുമ്പോള്‍ ഭരണ സമിതി അദാലത്തുകളുമായി മുന്നോട്ട് പോവുകയാണ്. നഗരം നേരിടുന്ന സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന അവശ്യം ഭരണസമിതി ഇതു വരെ അംഗികരിച്ചിട്ടില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കാനും ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുവാനുമുള്ള അവകാശത്തെയാണ് മേയര്‍ നിഷേധിച്ചിരിക്കുന്നത്. ബിജെപി ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കില്ല എന്ന മേയറുടെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമെതിരായാണ് ഈ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിരിക്കുന്നത് എന്ന് എം.ആര്‍ ഗോപന്‍ പറഞ്ഞു. മഴക്കാല പൂര്‍വ്വ ശുചീകരം നടത്തുന്നതില്‍ വരുത്തിയ വീഴ്ചയാണ് നഗരത്തില്‍ പനി പടര്‍ന്ന് പിടിക്കാന്‍ കാരണം. ഒരു വര്‍ഷമായി നഗരത്തില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. കരാറുകാര്‍ക്ക് വാര്‍ഡുകളില്‍ ചെയ്ത പ്രവൃത്തികളുടെ പണം നല്‍കുന്നില്ല. തെരുനായശല്യം നിയന്ത്രിക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ പരാജയപ്പെട്ട ഭരണകൂടം ജനശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടിയാണ്അദാലത്തുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എം.ആര്‍ ഗോപന്‍ കുറ്റപ്പെടുത്തി. മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎമ്മിന് ബാദ്ധ്യതയായി മാറുമെന്ന് ഞങ്ങള്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയതാണ്. അന്ന് സിപിഎം പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയ അസൂയയാണ് മേയറെ കുറ്റപ്പെടുത്തുന്നതിന് പിന്നിലെന്നാണ്. ഇപ്പോള്‍ സിപിഎമ്മിന് കാര്യം മനസ്സിലായി. അവര്‍ പാര്‍ട്ടി കമ്മറ്റികളില്‍ മേയറെ നിശിതമായി വിമര്‍ശിക്കുന്നു. ബിജെപി പറഞ്ഞത് സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു എന്നും എം.ആര്‍ ഗോപന്‍ പറഞ്ഞു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് കരമന അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാരായ പി.അശോക്കുമാര്‍, മധുസൂദനന്‍ നായര്‍, കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് തിരുമല അനില്‍, സെക്രട്ടറി മണക്കാട് സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.ജിഗിരികുമാര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം സിമി ജ്യോതിഷ് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.