പാലോട്: ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ബൈക്കില്‍ കൊണ്ടുപോയി കാലന്‍കാവ് റോഡില്‍ ഉപേക്ഷിച്ച് സംഭവത്തില്‍ മൂന്നുപേരെ പാലോട് പൊലീസ് സാഹസികമായി പിടികൂടി.നന്ദിയോട് പച്ച പുലിയൂര് വലിയ വേങ്കാട്ടുകോണം തടത്തരികത്ത് വീട്ടില്‍ കണ്ണാപ്പി എന്ന സുമേഷ് (27), പച്ച പുലിയൂര് ലക്ഷംവീട് മൂലയില്‍ വീട്ടില്‍ ശിവകുമാര്‍ (19), പച്ച കുറവന്‍കോണം വയലരികത്ത് വീട്ടില്‍ അപ്പു എന്ന ശ്രീഹരി (18) എന്നിവരാണ് പിടിയിലായത്ഇക്കഴിഞ്ഞ 16ന് രാത്രി 11ഓടെ പച്ച ക്ഷേത്രത്തില്‍ നിന്ന് വലിയ വേങ്കാട്ടുകോണത്തുള്ള വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന അരുണ്‍ നിവാസില്‍ അരുണിനെ (29)യാണ് പ്രതികള്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ദിച്ചത്.പ്രതികളുടെ ലഹരി വില്പന അരുണ്‍ തടഞ്ഞതിനെച്ചൊല്ലി മൂന്നുമാസം മുമ്ബുണ്ടായ ചെറിയ തര്‍ക്കമാണ് ക്രൂര മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും പൊട്ടലുണ്ടാകുകയും ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാവുകയും ചെയ്ത അരുണ്‍ ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണ്‍ മരിച്ചെന്ന് കരുതി അന്നുതന്നെ ഒളിവില്‍ പോയ പ്രതികള്‍ കര്‍ണാടകയിലെ കുടക്,ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയവെയാണ് പാലോട് പൊലീസിന്റെ പിടിയിലായത്.