പാലോട്: ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കാലന്‍കാവിലെ റോഡരികില്‍ തള്ളി. നന്ദിയോട് പച്ച വലിയ വേങ്കാട്ടുകോണം അരുണ്‍ നിവാസില്‍ അരുണിനാണ് (29) പരിക്കേറ്റത്.സംഭവത്തിന് പിന്നില്‍ പ്രദേശത്തെ ലഹരി മാഫിയയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെ പാലോട് പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്നുവെന്നാണ് അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് അപകടമല്ലന്നും വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചതാണെന്നും അറിഞ്ഞത്. ലഹരി വില്പന അരുണ്‍ തടഞ്ഞതിനെച്ചൊല്ലി രണ്ട് മാസം മുമ്ബുണ്ടായ ചെറിയ തര്‍ക്കമാണ് ക്രൂര മര്‍ദ്ദനത്തില്‍ കലാശിച്ചത്. അരുണ്‍ മരിച്ചെന്ന് കരുതിയാണ് കാടിനോട്ചേര്‍ന്നുള്ള വനമേഖലയില്‍ തള്ളിയെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അരുണ്‍ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.