തിരുവനന്തപുരം: സ്പീക്കര്‍ പദവിയിലെ മികച്ച പ്രകടനത്തിന് ശേഷം എം.ബി. രാജേഷ് ചൊവ്വാഴ്ച മന്ത്രിപദത്തിലേക്കു പ്രവേശിക്കുന്നു. രാവിലെ 11-ന് രാജ്ഭവനിലാണ് രാജേഷ് പിണറായി മന്ത്രി സഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവില്‍ എം വി ഗോവിന്ദനു പകരം തദ്ദേശസ്വയംഭരണ-എക്‌സൈസ് മന്ത്രിയായാണ് എം.ബി. രാജേഷ് ചുമതലയേല്‍ക്കുന്നത്. നിയമസഭാ ലൈബ്രറി പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കാന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയാണ് സ്പീക്കര്‍സ്ഥാനത്തുനിന്ന് രാജേഷിന്റെ പടിയിറക്കം. നിലവില്‍ എംഎല്‍എ.മാര്‍ക്കും ഗവേഷകര്‍ക്കും മാത്രമേ ലൈബ്രറി ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതു ജനകീയമാക്കാന്‍ അവസരമൊരുക്കണമെന്ന് എം.ബി. രാജേഷ് നിര്‍ദ്ദേശംനല്‍കിയതായി അധികൃതര്‍ പറഞ്ഞു.സ്പീക്കര്‍ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു.അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷമേ എംബി രാജേഷിന്റെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്.
ഭരണഘടനാനിര്‍മ്മാണസഭയുടെ ചര്‍ച്ചകളും സംവാദങ്ങളും മുഴുവന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതാണ് മറ്റൊരു യജ്ഞം. ഒരു തദ്ദേശഭാഷയിലേക്ക് രാജ്യത്ത് ആദ്യമായാണ് ഈ മൊഴിമാറ്റം. ഇതിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. 12 വാല്യങ്ങളുള്ള പരിഭാഷാഗ്രന്ഥങ്ങള്‍ 2025-ല്‍ പുറത്തിറങ്ങും. പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കെ ഇ-നിയമസഭയ്ക്ക് മുന്‍കൈയെടുത്തിരുന്നു. അതു പൂര്‍ത്തീകരിച്ചത് രാജേഷും. നിയമസഭയിലെ ഫയല്‍നീക്കം പൂര്‍ണമായി കടലാസുരഹിതമാക്കി. സഭാനടപടികള്‍ ജനങ്ങള്‍ക്കു വീക്ഷിക്കാന്‍ പാകത്തില്‍ സഭാ ടി.വി. സമ്പൂർണ്ണ തത്സമയസംപ്രേഷണത്തിലേക്കുമാറ്റി. നേരത്തേ ചോദ്യോത്തരവേള മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ. രേഖകളെല്ലാം സീറ്റിനുമുന്നിലെ സ്‌ക്രീനില്‍ ലഭ്യമാക്കി സഭാനടപടികളും ഡിജിറ്റലാക്കി. നിയമസഭാമ്യൂസിയത്തിന്റെ നവീകരണത്തിനും തുടക്കവുമിട്ടു. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്. സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്റ്റംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.