കൊഹിമ: നാഗാലാന്‍ഡില്‍ ചരക്കുവാഹനം ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു.ആറു സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറിയും കൊക്കയിലേക്ക് മറിഞ്ഞു.
സെമിന്യു ജില്ലയില്‍ ബുധനാഴ്ചയാണ് അപകടം. തലസ്ഥാനമായ കൊഹിമയില്‍ നിന്ന് മൊകോക്ചുങ്ങിലേക്ക് പോകുകയായിരുന്ന എസ് യുവിയാണ് അപകടത്തില്‍പ്പെട്ടത്. കൊഹിമയില്‍ നിന്ന് മേരപാനിയിലേക്ക് പോകുകയായിരുന്ന മണല്‍ നിറച്ച ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഏഴുപേര്‍ തത്ക്ഷണം തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ഹൈവേയില്‍ എസ് യുവിയെ കുറച്ചുദൂരം ലോറി വലിച്ചിഴച്ചു. തുടര്‍ന്നാണ് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞത്. ലോറിയുമായുള്ള കൂട്ടിയിടിയില്‍ എസ് യുവിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും കുടുങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കൊക്കയിലേക്ക് തന്നെ മറിഞ്ഞ ലോറി എസ് യുവിയുടെ മുകളിലേക്കാണ് വീണത്.മരിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ നിയമനം കിട്ടി ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.