ആലപ്പുഴ: കുട്ടനാട് സി.പി.എമ്മിലെ കൂട്ടരാജിക്ക് പിന്നാലെയുണ്ടായ കൂട്ടത്തല്ലിന് പിന്നില്‍ കടുത്ത വിഭാഗീയത.കുട്ടനാട്ടിലെ കൂട്ടരാജിയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് പാര്‍ട്ടിനേതൃത്വം അവകാശപ്പെടുമ്പോഴും വിഭാഗീയതയുടെ മറനീക്കിയെത്തിയ തെരുവുയുദ്ധം പുതിയ വിവാദത്തിന് തിരികൊളുത്തും.വിഭാഗീയതയുടെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് രാമങ്കരിയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണം. പ്രാദേശിക നേതാക്കളടക്കമുള്ളവരെയാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്.ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത് രാമകൃഷ്ണന്‍ എന്നിവരടക്കം ആറുപേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് 12 അംഗസംഘം മൂന്നിടത്താണ് ആക്രമം നടത്തിയത്. ആക്രമിസംഘത്തിലെ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനിലായിരുന്നു സംഘര്‍ഷത്തിന് തുടക്കം. പിന്നീട് വേഴപ്രയിലും രാമങ്കരി ടൈറ്റാനിക് ജങ്ഷനിലും ചേരിതിരിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.