ആലപ്പുഴ : പോലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്‌തശേഷം കാണാതായ കഫേ ജീവനക്കാരന്റെ മൃതദേഹം എടത്വാ പാലത്തിനു താഴെ തോട്ടില്‍ കണ്ടെത്തി. കാവാലം അഞ്ചാം വാര്‍ഡ് കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ നിതിന്‍ പൊന്നപ്പ(26)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കാണപ്പെട്ടത്. എടത്വായിലെ ഒരു സ്വകാര്യ കഫേയില്‍ ബില്ലിങ് വിഭാഗത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം ചെക്കിട്ടിക്കാട്-കേളമംഗലം റോഡില്‍ പട്രോളിങ്ങിനിടെ എടത്വാ പോലീസ് നിതിനെ നിയമലംഘനം കാട്ടിയെന്നാരോപിച്ചു പിടികൂടുകയും പെറ്റി കേസ് ചാര്‍ജ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനുശേഷം എട്ടാം തീയതി നിതിന്‍ ഹോട്ടലില്‍ എത്തിയിരുന്നില്ലെന്നാണ് സൂചന.എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.