മൊഗാഡീഷു : കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപമുള്ള ഒരു ഹോട്ടലില്‍ പ്രാദേശിക ഭീകരസംഘടനയായ അല്‍ ഷബാബ് നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഹോട്ടല്‍ അല്‍ ഷബാബ് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ സ്ഫോടനങ്ങളും വെടിവയ്പുമുണ്ടായി. നീണ്ട 20 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്നലെ സൊമാലിയന്‍ സൈന്യം ഹോട്ടല്‍ തിരിച്ചുപിടിച്ചു. മരിച്ചവരില്‍ 8 പേര്‍ സാധാരണക്കാരാണ്. ഒരാള്‍ സൈനികനും മറ്റുള്ളവര്‍ ഭീകരരുമാണ്. 60 പേരെ ഹോട്ടലില്‍ നിന്ന് രക്ഷപെടുത്തി. ആക്രമണ സമയം ഹോട്ടലിലുണ്ടായിരുന്ന ഒരു മന്ത്രിക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.