പത്തനംതിട്ട: ചെങ്ങന്നൂരില്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന്‍ മരിച്ചു. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.രാത്രി എട്ടരയോടെയാണ് അബോധാവസ്ഥയില്‍ യോഹന്നാനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു.
ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു. പിന്നാലെ കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു.